ഉറിതൂക്കിമല വിനോദ സഞ്ചാര കേന്ദ്രം
ഉറിതൂക്കിമല
ഉറിതൂക്കിമല
ചരിത്രത്തിന്‍റെ നിഴല്‍ വീഥികള്‍ വീണുറങ്ങുന്ന നരിപ്പറ്റ പഞ്ചായത്തിന്‍റെ കിഴക്ക് ഭാഗത്തായി എടോനി മലയില്‍ നിന്നും അതി ദൂരത്തല്ലാതെ വളരെ മനോഹരമായ പ്രകൃതി ഭംഗിയോട് കൂടി സമതല നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ തല നിവര്‍ത്തി നില്‍ക്കുന്ന ഉറിതൂക്കി മല പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ്.
ഏറെ മനോഹരമായ കാലാവസ്ഥയായതിനാല്‍ എല്ലാ സീസണിലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തി ചേരുന്നത്. പ്രകൃതി ഭംഗിയോട് ഇണങ്ങി ചേര്‍ന്ന് പണി കഴിപ്പിച്ച റിസോട്ടുകളും സ്വിമ്മിംഗ് പൂളുകളും ഉറിതൂക്കി മലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചെങ്കുത്തായ പാറയായതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കാതെയുളള ഈ സ്ഥലം വളരെ അപകടം നിറഞ്ഞതുമാണ്. നിലവില്‍ തന്നെ ഏറെ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തി ചേരുന്നു എന്നിരിക്കെ ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
മലമുകളില്‍ നിന്നും ദൂരത്തേക്കുളള കാഴ്ച്ച നയനാനന്ദമാണ്. കുറ്റ്യാടി, നാദാപുരം ടൗണുകളുടെ ഒരു ദീര്‍ഘവീക്ഷണം സാധ്യമാക്കുന്നു എന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വാണിമേല്‍ പഞ്ചായത്തിലെ തിരിയക്കയം വെളളച്ചാട്ടം കാവിലുംപാറ പഞ്ചായത്തിലെ കൊരണപ്പാറ തുടങ്ങിയ സഞ്ചാരികളെ വിരുന്നൂട്ടുന്ന പ്രകൃതി രമണീയ സ്ഥലങ്ങള്‍ ഈ പദ്ധതി പ്രദേശത്തിന്‍റെ സമീപ പ്രദേശങ്ങളാണ്.
മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുളള പഴശ്ശി രാജയുടെ പോരാട്ടത്തിന്‍റെ സ്മരണകളും ഉറിതൂക്കിമലയെ അനശ്വരമാകുന്നു. വയനാട്ടിലേക്കുളള യാത്രക്കിടയില്‍ പഴശ്ശി ഒളിവില്‍ താമസിച്ചത് ഉറി തൂക്കിമലയിലാണെന്ന് വിശ്വസിച്ചു വരുന്നു. ഇത്തരത്തില്‍ ചരിത്രാന്വേഷികളെയും സാഹസിക യാത്രകാരെയും പ്രകൃതി സ്നേഹികളെയും മറ്റ് സഞ്ചാരികളെയും ഈ പ്രദേശത്തേക്ക് ഇപ്പോള്‍ തന്നെ ആകര്‍ഷിക്കുണ്ട് എന്നത് ഈ പദ്ധതിയെ കൂടുതല്‍ പ്രസക്തമാക്കുന്നു.