ഒറ്റനോട്ടത്തിൽ
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 50.63 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വാണിമല്‍, തൊണ്ടര്‍നാട്(വയനാട്) പഞ്ചായത്തുകളും, തെക്ക് കുന്നുമ്മല്‍, കായക്കൊടി, നാദാപുരം പഞ്ചായത്തുകളും, കിഴക്ക് തൊണ്ടര്‍നാട്(വയനാട്), കാവിലുമ്പാറ, കായക്കൊടി പഞ്ചായത്തുകളും, പടിഞ്ഞാറ് വാണിമല്‍, നാദാപുരം പഞ്ചായത്തുകളും ആണ്. ഈ ഗ്രാമം പഞ്ചായത്തായി രൂപീകൃതമാകുന്നത് 1955-ലാണ്. പഞ്ചായത്തിലേക്ക് ആദ്യതെരഞ്ഞെടുപ്പ് നടന്നത് കൈപൊക്കി വോട്ടുരേഖപ്പെടുത്തി കൊണ്ടാണ്. എ.പി.കുഞ്ഞിക്കണ്ണന് ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ പ്രദേശത്തു നിന്നും കുടിയേറി പാര്‍ത്ത തളിപറമ്പ് ഗ്രാമപാരമ്പര്യമുള്ള നമ്പൂതിരി കുടുംബങ്ങളായിരുന്നു നരിപറ്റയിലെ തിനൂരിന്റെ പഴയകാല പ്രഭാവം നിലനിര്‍ത്തിയത്. തിനമൂരപ്പ പ്രതിഷ്ഠയുള്ള ഇവിടുത്തെ ക്ഷേത്രം കാലാന്തരത്തില്‍ കേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ശങ്കരനാരായണക്ഷേത്രങ്ങളിലൊന്നായി അറിയപ്പെട്ടു. ഇവിടുത്തെ നമ്പൂതിരി കുടുംബങ്ങള്‍ യജൂര്‍വേദ വിഭാഗത്തില്‍പെടുന്നവരാണ്. നമ്പൂതിരിയില്ലങ്ങളില്‍ ചിലതില്‍ അത്യപൂര്‍വ്വമായി താളിയോല ഗ്രന്ഥങ്ങള്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. കടത്തനാടന്‍ ഗ്രാമങ്ങള്‍ക്ക് സ്വന്തമായ ചില പൈതൃകങ്ങളുണ്ട്. കളരിപ്പയറ്റും കോല്ക്കളരിയും ഇവിടെ ഒപ്പത്തിനൊപ്പം വളര്‍ന്നുവന്നു. ശാരീരികവും മാനസികവുമായ ഒരു താളലയം കളരിഗുരുക്കന്മാരുടെ ശിഷ്യത്വത്തില്‍ സര്‍വ്വരും ഏറ്റുവാങ്ങി. സവര്‍ണ്ണകലകളില്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, ചാക്യാര്‍കൂത്ത് എന്നിവ മുന്നിട്ടു നിന്നു. വടക്കന്‍ പാട്ടുകള്‍, നാടന്‍കലകള്‍ എന്നിവ സമൂഹത്തിലെ കീഴ്തട്ടിലുള്ളവരുടെ സംഭാവനയായിരുന്നു. നിബിഡവനങ്ങളുള്ള മലമ്പ്രദേശങ്ങളും നിത്യഹരിതമായ പാടശേഖരങ്ങളും നൂറ്റാണ്ടുകളുടെ ജനവാസ പരമ്പരയുടെ ചരിത്രപശ്ചാത്തലം കുറിക്കുന്നു.ചെങ്കുത്തായ മലയിടുക്കുകള്‍, ഉയര്ന്നുനില്ക്കുന്ന കുന്നുകള്‍, നിരപ്പായ സമതലങ്ങള്‍, സസ്യസമൃദ്ധിയുടെ സിരാകേന്ദ്രങ്ങളായ നീര്‍ച്ചാലുകളും തോടുകളും, വറ്റി വരളാത്ത നിരവധി ജലശേഖരങ്ങളും അടങ്ങുന്ന ഒന്നായിരുന്നു പൂര്‍വ്വകാലത്തെ നരിപ്പറ്റ. ഏതാണ്ട് ആയിരം ഹെക്ടറോളം വരുന്ന നെല്പാടങ്ങളും അത്രയും തന്നെ വരുന്ന ഘോരവനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത്ഉണ്ടായിരുന്നു.